Thursday 13 July 2017

ക്രിസ്തു നിന്നില്‍ വരുമ്പോള്‍ (When Christ comes in your Life)

             ക്രിസ്തുമസ് എന്ന് പറഞ്ഞാല്‍ നമ്മുടെ ഉള്ളില്‍ ഓടി എത്തുന്നത്‌ സന്തോഷവും നന്മയുമായിരിക്കും. എങ്ങും തിളങ്ങുന്ന താരങ്ങളും അലങ്കാരത്തിന്റെ നിറപകിട്ടുകളും. ലോകം മുഴുവനും ഇത് ആഘോഷിക്കുന്നു. ക്രിസ്തുമസ് രാവ് പകരുന്ന ആഹ്ലാദങ്ങളും ആഘോഷങ്ങളും ഒരുനാളും മറക്കാന്‍ പറ്റാത്തവയാണ്.
                 എന്നാല്‍ ഒരു ആത്മീക ജീവിതത്തില്‍ ക്രിസ്തുവിന്റെ ജനനം കൊണ്ട്  നാം ഉദ്ദേശിക്കുന്നത് എന്ത്? ഭൌതികമായ്  ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുമ്പോഴും ക്രിസ്തു നമ്മുടെ ജീവിതത്തില്‍ ജനിച്ചിട്ടുണ്ടോ? മാനവ രാശിയുടെ രക്ഷയാണ് യേശുവിന്റെ വരവിന്റെ ഉദ്ദേശം, എന്നാല്‍ രക്ഷ നാം പ്രപിച്ചുവോ? ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുമ്പോഴും അതിന്റെ ആത്മീയ സന്തോഷം നാം അനുഭവിക്കുകയോ ആത്മാവില്‍ സന്തോഷം ഉണരുവാനോ സാധിക്കുന്നുണ്ടോ?



സമാധാന പ്രഭു

ക്രിസ്തു ലോകത്തില്‍ സമാധാന പ്രഭുവായ് ജന്മമെടുത്തു. യെശയ്യാവ് 9:6 ല്‍ സമാധാന പ്രഭു എന്നറിയപ്പെടുമെന്നു രേഖപ്പെടുത്തി ഇരിക്കുന്നു. ക്രിസ്തുവിന്റെ അരികില്‍ വന്ന ആരും തന്നെ  സമാധാന രഹിതരായ്  മാറിയിട്ടില്ല. മറിച്ച് ക്രിസ്തുവിനെ അന്വേഷിച്ചവരും വിശ്വസിച്ചവരും അവനില്‍ നിന്നും നന്മകളും വിടുതലും സമാധാനവും സ്വാതന്ത്ര്യവും പ്രാപിച്ചു. സ്വാതന്ത്ര്യം ജീവിതത്തില്‍ വരുമ്പോള്‍ സമാധാനം അനുഭവിക്കാന്‍ കഴിയുന്നു.
                 യേശു ശിഷ്യരോട്, എന്റെ സമാധാനം നിങ്ങള്ക്ക്  തന്നേച്ചു പോകുന്നു. ലോകം തരുന്ന സമാധാനത്തിനും ദൈവം തരുന്ന സമാധാനത്തിനും വ്യത്യാസമുണ്ട്. അത് നമുക്ക് നിത്യ സമാധാനമായിരിക്കും. കാരണം യേശു സമാധാനത്തിന്റെ പ്രഭു ആണ്. ക്രിസ്തുവിന്റെ രക്ഷ സ്വീകരിച്ച ഒരു വ്യക്തിക്ക് സമാധാനം ഏതു സാഹചര്യത്തിലും അത് അനുഭവിക്കുവാന്‍ സാധ്യമാകണം. ഇന്ന് പല കുടുംബങ്ങളും തകരാന്‍ കാരണം ദൈവ സമാധാനം കാത്തു സൂക്ഷിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. പാപിയായ സക്കായിയുടെ വീട്ടില്‍ യേശു പോയി ഭവനത്തെ അനുഗ്രഹിച്ച് രക്ഷയും സമാധാനവും ഭവനത്തിന് നല്‍കി. ക്രിസ്തു തന്റെ ഹൃദയത്തില്‍ ജനിച്ചത്‌ മനസ്സിലാക്കിയ സക്കായി ലോക പ്രകാരമായ ജീവിതം വെടിഞ്ഞ് തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായ് നന്മ ചെയ്യാന്‍ തുടങ്ങി. അതത്രേ ക്രിസ്തുവിന്റെ ജനനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയ ഒരു വിശ്വാസിയുടെ ജീവിതവും. ആത്മീയ സന്തോഷം നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിക്കേണം.