Friday 19 July 2013

ക്രിസ്മസ് രാവിന്റെ മധുര സ്മരണകള്‍ - Sweet Memories of Christmas Eve



തിളങ്ങുന്ന താരങ്ങള്‍
          കാലം എത്ര പോയാലും മായാത്ത ചില ഓര്‍മ്മകള്‍ മനസ്സില്‍... കുഞ്ഞു നാളുകളില്‍ മനസ്സില്‍ ഉദിച്ചുണര്‍ന്ന നക്ഷത്രങ്ങള്‍. ക്രിസ്മസ് നാളുകള്‍ വന്നടുക്കുന്നതോടുകൂടെ നാട്ടിലെങ്ങും ആഘോഷത്തിനും സന്തോഷങ്ങള്‍ക്കും അതിരില്ലതവുന്നു. ക്രിസ്മസ് രാവില്‍ കാതില്‍ വന്നു പതിയുന്ന ദൈവപുത്രന്റെ ജന്മ  മഹത്വത്തെ വര്‍ണ്ണിക്കുന്ന  രാഗ ശ്രേഷ്ടമായ മധുര ഗാനങ്ങള്‍ നാലുചുറ്റും. എത്ര കേട്ടാലും കൊതിതീരാത്തതും കുഞ്ഞു മനസ്സില്‍ സ്ഥാനം പിടിച്ചതുമായ ആ ഗാനങ്ങള്‍ പിന്നെ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അതിന് കാരണം കുഞ്ഞു മനസ്സില്‍ പ്രവേശിക്കുന്ന ഓരോ കാര്യങ്ങളും അന്ത്യം വരെ ഓര്‍മകളില്‍ നിറഞ്ഞിരിക്കും.
          ക്രിസ്മസ് രാവില്‍ ആരാധനയ്ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെ. മാതാ പിതാക്കളോടും സഹോദരന്മാരോടും കൂടെ തുള്ളിച്ചാടി തെരുവീഥിയിലെ ക്രിസ്മസ് കാഴ്ചകളും കണ്ട് ആസ്വദിച്ചും കൊണ്ട് ദൈവത്തെ സ്തുതിക്കുംപോഴും ഗാനങ്ങല്‍ ആലപിക്കുമ്പോഴും വചനം ശ്രവിക്കുമ്പോഴും മനസ്സില്‍ യേശു നാഥന്റെ ജന്മദിന ഓര്‍മ്മകള്‍ തഴുകിയുണര്ത്തും.  ദേവാലയത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങുമ്പോള്‍ ആഹ്ലാദത്തിനു അതിരില്ലതാകുന്നു. തെരുവീഥികള്‍ ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ ഒരുക്കമായ്. വീടുകള്‍ തോറും കത്തിതിളങ്ങുന്ന താരങ്ങള്‍ക്കും പുറമേ ജംഗ്ഷനുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്രിസ്മസ് ട്രീസും അതില്‍ മിന്നി തിളങ്ങുന്ന ചെറു താരങ്ങളും തരുന്ന ശോഭ അവര്‍ണനീയം. എല്ലാ വേദനകളും കുഞ്ഞു മനസ്സിലെ ഭാരങ്ങളും അറിയാതെ മാഞ്ഞുപോയതുപോലെ. പിന്നെ അവിടെ നടക്കുന്ന നൃത്ത സംഗീതങ്ങളുടെ ഭംഗിയും മനം കുളിര്മയാക്കുന്നു. തികച്ചും അതൊരു രാജാധി രാജന്റെ ജന്മദിന സ്മരണകള്‍ തന്നെയാണ്. ദുഖിതര്‍ക്ക് ആശ്വാസവും മനസ്സില്‍ ശാന്തിയും നല്‍കുന്ന ദേവാധി ദേവന്റെ ഉന്നത രാത്രി. 
            

 എടുത്തു പറയേണ്ട മറ്റൊരു കാര്യം നമ്മുടെ നാട്ടിലെ പുല്‍കൂടുകളാണ്. വയസ്സ് ഭേദമെന്യേ അലങ്കാര മേന്മയായി നിര്‍മ്മിക്കുന്ന ഇവ തികച്ചും ശ്രെദ്ധേയമാണ്. ആ പുല്‍കൂടുകളില്‍ തെളിയുന്ന മെഴുതിരിനാള ശോഭ ഇന്നും മനസ്സിലെ ഇരുള്‍ അകറ്റുന്നതുപ്പോലെ ഒരു തോന്നല്‍. എന്തായാലും ആ നാളവും അവയില്‍ മിന്നി മിന്നി തിളങ്ങുന്ന കൊച്ചു താരകങ്ങളും അലങ്കാര ബള്‍ബുകളും പകരുന്ന നിറമാര്‍ന്ന വെളിച്ചം സന്തോഷത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

             അങ്ങനെ എത്ര കാലങ്ങള്‍ കടന്നുപോയാലും ഒരു ഇന്നലെ പോലെ ആ വിലയേറിയ സ്മരണകള്‍ ഇന്നും മനസ്സിലെ ഏതോ കോണില്‍ നിറഞ്ഞു നില്‍ക്കുന്നു.

            ക്രിസ്മസ് ദിനത്തിലെ പ്രാധാന്യവും സ്മരണീയവുമായ കാര്യം സുഹൃത്തുക്കളോടു കൂടെയുള്ള ക്രിക്കറ്റ്‌ മത്സരങ്ങള്‍ തന്നെയാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ സുഹൃത്തുക്കളുമായ് കൂടുമ്പോള്‍ മറ്റു ദിവസത്തെക്കാളും പ്രത്യക ദിനമായിരിക്കും. ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ കുട്ടികാല മത്സരങ്ങള്‍ ഒരിക്കല്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു. നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം ഗ്രൂപ്പായ് കുളിക്കാന്‍ പോയ്‌ അവിടെ വെള്ളത്തില്‍ കാണിക്കുന്ന ചെറിയ തമാശകളും നീന്തല്‍ മത്സരങ്ങളും നിശ്ചയമായും സുഖപ്രദമായിരുന്നു. കൊതിതീരുവോളം വെള്ളത്തില്‍ സമയം ചെലവിട്ട ശേഷം മാത്രമാണ് കരകയറല്‍. പിന്നെ ബാക്കി സമയം ചെലവിടുന്നത് വീട്ടില്‍ മാതാപിതാക്കളോടും സഹോദരന്മാരോടും ആയിരിക്കും.
ഉച്ചയ്ക്ക് കേരള തനിമയായ വാഴയിലയില്‍ ഉണ്ണുന്ന ആഹാരത്തിന്റെ സ്വാദ് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സകല വിഭവങ്ങളും ഉള്‍പ്പെടെ അന്നത്തെ ക്രിസ്മസ് ഭോജനത്തിനു ശേഷം ബാക്കി സമയം സന്തോഷത്തോടെ കഴിച്ചുകൂട്ടുന്നു.

          സുഖ വേദനകളും ദുഃഖ ദുരിതങ്ങളും ജയ പരാജയങ്ങളും നിറഞ്ഞ ഇന്നത്തെ ജീവിതത്തില്‍ ഏകാന്തതയില്‍ വീഴുമ്പോഴും ഓര്‍മിക്കുവാന്‍ ഒരു നല്ല കുട്ടികാലം എനിക്കുണ്ട്. എത്ര ആഗ്രഹിച്ചാലും തിരികെ കിട്ടാത്ത ആ എന്റെ ലോകം.

         അങ്ങനെ സ്മരണകള്‍ ബാക്കി നിര്‍ത്തികൊണ്ട്‌ ആ കാലങ്ങളും ആ കൊച്ചു നാളിലെ ക്രിസ്മസ് ദിനങ്ങള്‍ തന്ന മധുര സന്തോഷഓര്‍മകളും എന്നും സ്മരിക്കുവാന്‍ യോഗ്യമായ സുഹൃത്തുക്കളോടു കൂടിയ ക്രിക്കറ്റ്‌ മത്സരങ്ങളും മാതാപിതാക്കളുടെ സ്നേഹ കരുതലും പിന്നെ എന്നും പൂര്‍ണ്ണ സന്തോഷം തന്ന ക്രിസ്മസ് രാവുകളും അന്ന് വാനിലും വീടുകളിലും തെരുവുകളിലും തിളങ്ങി നിന്ന നക്ഷത്ര കൂട്ടങ്ങളും   അവ എന്റെ കുഞ്ഞു മനസ്സിന് പുഞ്ചിരിതൂകി ഏകിയ നന്മയാകും സന്തോഷങ്ങളും മധുര ഓര്‍മ്മകളും    എന്നും സ്മരിച്ചുകൊണ്ട് ഇതുപോലെ നല്ല കുട്ടിക്കാലം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനകളോടെ ഈ കൊച്ചു ജീവിത യാത്ര ഇതാ തുടരുന്നു.......... എന്നും സന്തോഷങ്ങള്‍ പ്രീതീഷിച്ചുംകൊണ്ട് .......